
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന് സമീപത്തെ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽപ്പെട്ട കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായതായി കണ്ടെത്തൽ. വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളാണ് കാണാതായത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദേശം നൽകി.
ഈ മാസം 9ന് പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ചുമതലയേറ്റതിനു പിന്നാലെ സ്ട്രോങ് റൂമിലെ രജിസ്റ്റർ പരിശോധിച്ച് തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് വെള്ളിക്കൊമ്പുകൾ നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ വലിയശാല ദേവസ്വത്തിന്റെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരുന്നത്.
1992ൽ ഒരു ഭക്തൻ ക്ഷേത്രത്തിൽ നടയ്ക്കുവച്ചതാണ് ഈ വെള്ളിക്കൊമ്പുകൾ. ഓരോ കൊമ്പിലും 12 വീതം നീലക്കല്ലുകൾ പതിപ്പിച്ചിരുന്നതായാണ് രേഖകൾ. വർഷങ്ങളായി സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളിൽനിന്നാണ് ഇവ കാണാതായതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ ആർ. രജിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 28ന് സ്ട്രോങ് റൂം തുറന്ന് വിശദമായ പരിശോധന നടത്തും. രജിസ്റ്ററിലെ രേഖകളും നിലവിലുള്ള തിരുവാഭരണങ്ങളും പരിശോധിച്ച ശേഷമാകും തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുക.










